വന്ധ്യംകരിക്കപ്പെട്ട പ്രതിപക്ഷമാണ് കേരളത്തിലേത് എന്ന് നാനാമേഖലകളില്‍ നിന്നും ഉയര്‍ന്ന പരിഹാസത്തിന് കെഎസ്‍യു വഴിയാണ് മറുപടി വന്നത്. തെരുവുകള്‍ യുദ്ധക്കളങ്ങളാകുന്നു. സര്‍ക്കാര്‍ വാഹനങ്ങള്‍ എറിഞ്ഞു തകര്‍ക്കുന്നു. കടകമ്പോളങ്ങള്‍ അടയുന്നു. കല്ലേറ്, ലാത്തിച്ചാര്‍ജ്, അക്രമം, ഹര്‍ത്താല്‍, വിദ്യാഭ്യാസ ബന്ദ്, പത്രങ്ങളില്‍ ഫോട്ടോ, ചാനലില്‍ ചര്‍ച്ച എന്നിങ്ങനെ മലയാളി പരിചയിച്ച വിധം കാര്യങ്ങള്‍ മുന്നേറുന്നു.
വരുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍, കെഎസ്‍യു പ്രസിഡന്റ് ഹൈബി ഈഡന് എറണാകുളത്തും യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ടി സിദ്ദിഖിന് കോഴിക്കോട്ടും സീറ്റ് ഉറപ്പാകുമെങ്കില്‍, ഏഴാംക്ലാസിലെ പാഠപുസ്തകം പിന്‍വലിച്ചില്ലെങ്കിലും കുഴപ്പമില്ലെന്ന് അണിയറയില്‍ കേള്‍ക്കുന്നു.
കലാലയങ്ങളില്‍ പലപ്പോഴും ആവേശം ഒട്ടും ചോരാത്ത ഒരു മുദ്രാവാക്യം അലയടിക്കാറുണ്ട്. അതിങ്ങനെയാണ്
ത്യാഗത്തിന്‍ കടല്‍ ഉളളിലൊതുക്കി,
മോഹത്തിന്റെ പെരുമ്പറ കൊട്ടി,
മാറ്റത്തിന്റെ കാഹളമൂതി,
വരുന്നു ഞങ്ങള്‍ കെഎസ്‍യു... എല്ലാ വിദ്യാര്‍ത്ഥി സംഘടനകളും തരാതരം പോലെ ഈ മുദ്രാവാക്യം വിളിക്കും. വിളിക്കുന്നവന്റെ രാഷ്ട്രീയമനുസരിച്ച് അവസാനവാക്ക് എസ്‍എഫ്ഐയെന്നോ എബിവിപിയെന്നോ എഐഎസ്എഫ് എന്നോ ഒക്കെയാകും.
വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് ഇങ്ങനെ ചില പൊതുമുദ്രാവാക്യങ്ങളുണ്ടാകുന്നത് യാദൃശ്ചികമല്ല. എല്ലാ വിദ്യാര്‍ത്ഥി സംഘടനകളുടെയും പ്രവര്‍ത്തനത്തിനും സമരത്തിനും ലക്ഷ്യത്തിനും സമാനതയുണ്ട്. സമരം, അക്രമം, പത്രവാര്‍ത്ത, ചാനല്‍ ചര്‍ച്ച, നേതാവ്, സീറ്റ്, എംഎല്‍എ, മന്ത്രി എന്നതാണ് നേതൃവളര്‍ച്ചയുടെ ആരോഹണക്രമം. ഈ സൂത്രവാക്യത്തിന്റെ ഒച്ചയാണ് മേല്‍ചൊന്ന മുദ്രാവാക്യം.
ഉളളിലൊതുങ്ങാത്ത ത്യാഗത്തിന് കടലിന് വിലയിടാന്‍ മോഹത്തിന്റെ പെരുമ്പറ കൊട്ടുന്നവര്‍ക്ക് നന്നായി അറിയാം. സ്വന്തം ജീവിത സൗകര്യങ്ങളുടെ മാറ്റത്തിനാണ് ഇന്നത്തെ വിദ്യാര്‍ത്ഥി നേതാക്കളുടെ കാഹളധ്വനി. ജീവനില്‍ പേടിയുളളവര്‍ വഴി മാറുക.
എല്ലാ വിദ്യാര്‍ത്ഥി സമരങ്ങളിലും അക്രമം പ്രധാന ഇനമാണ്. അല്ലെങ്കില്‍ വിദ്യാര്‍ത്ഥി സമരമെന്നാല്‍ അക്രമമാണ്. സെക്രട്ടേറിയറ്റാണല്ലോ നമ്മുടെ അംഗീകൃത സമരകേന്ദ്രം. അതിന്റെ മെയിന്‍ ഗേറ്റിനു മുന്നില്‍ പൊലീസിനെ തല്ലിയും കല്ലെറിഞ്ഞും ആരംഭിക്കുന്ന പ്രകോപനമാണ് പിന്നീട് ഭീകരമായ ലാത്തിച്ചാര്‍ജിലും തുടര്‍ന്ന് ആഴ്ചകളോളം നീണ്ടുനില്‍ക്കുന്ന മറ്റ് അക്രമങ്ങള്‍ക്കും ഇന്ധനമാകുന്നത്. സമരിക്കുന്നത് ഏത് സംഘടനയായാലും.
സമര നേതാക്കളെ വാര്‍ത്തയില്‍ നിറച്ചു നിര്‍ത്താനുളള ഉപാധിയാണ് അക്രമം. സെക്രട്ടേറിയറ്റു നടയില്‍ വെറുതേ വന്ന് പ്രസംഗിച്ച് പോയാല്‍ പത്രത്തില്‍ ഉള്‍പ്പേജ് വാര്‍ത്ത മാത്രമേ വരൂ. ചാനല്‍ വാര്‍ത്തയ്ക്കിടയില്‍ ദൃശ്യം കാണിക്കണമെന്ന് നിര്‍ബന്ധമില്ല. ചര്‍ച്ചയ്ക്കു വകുപ്പുമില്ല.
സമരത്തില്‍ അക്രമം അനിവാര്യതയാകുന്നത് ഈ മുഹൂര്‍ത്തത്തിലാണ്. കോടിയേരി ഹിറ്റ്ലറാകരുതെന്ന് രമേശ് ചെന്നിത്തലയ്ക്ക് പ്രസ്താവന നടത്തണമെങ്കില്‍ കെഎസ്‍യുക്കാരന്‍ അടിയേറ്റു വീഴണം. സെക്രട്ടേറിയറ്റിനു മുന്നില്‍ കെഎസ്‍യുക്കാരന്‍ വെറുതെ കുത്തിയിരുന്നാല്‍ പൊലീസുകാരന്‍ അടിക്കുക പോയിട്ട് മൈന്‍ഡ് ചെയ്യുക പോലുമില്ല. അപ്പോള്‍ അടിയിരിക്കുന്നടത്ത് ചെകിട് കൊണ്ടു വെച്ചുകൊടുക്കണം.
ഏഴാം ക്ലാസ് പാഠപുസ്തകം ഏതെങ്കിലും കെഎസ്‍യുക്കാരന്‍ പൂര്‍ണമായും വായിച്ചിട്ടുണ്ടെയെന്ന് അറിയില്ല. പുസ്തകം വായിക്കുന്നവര്‍ കോണ്‍ഗ്രസോ കെഎസ്‍യുവോ ആകുമെന്ന് കരുതാന്‍ വയ്യല്ലോ. ജവഹര്‍ലാല്‍ നെഹ്രുവിന്റെ ഉദ്ധരണികള്‍ അടങ്ങിയ മതവിശ്വാസത്തിന്റെ ജീവന്‍ എന്ന പാഠത്തെയാണ് കത്തോലിക്കാ സഭ എതിര്‍ക്കുന്നത്. ആ ആവശ്യം എങ്ങനെ കെഎസ്‍യു ഏറ്റുപിടിക്കും. നെഹ്രു പറഞ്ഞതില്‍ പഠിപ്പിക്കരുതാത്ത കാര്യങ്ങള്‍ ഉണ്ടോ. അവയേതെന്ന് കെപിസിസി ഓഫീസിലാണോ നിശ്ചയിക്കപ്പെടുന്നത്?
ഒന്നോര്‍ത്താല്‍ ശരിയാണ്. ഗാന്ധിജി, നെഹ്രു എന്നിവരുടെയൊക്കെ ഉദ്ധരണികളെ ഇപ്പോഴേറ്റവും വെറുക്കുകയും ഭയക്കുകയും ചെയ്യുന്നത് കോണ്‍ഗ്രസ് തറവാട്ടിലെ അംഗങ്ങളാണല്ലോ. മതത്തെക്കുറിച്ചും ദൈവത്തെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചുമൊക്കെ അവര്‍ പറഞ്ഞതും എഴുതിയതും ഓര്‍മ്മിപ്പിക്കുന്നതിനെക്കാള്‍ തങ്ങളുടെ തലയ്ക്കു മീലെ തിളപ്പിച്ച എണ്ണ കോരിയൊഴിക്കപ്പെടുന്നതാവും സോണിയ മുതല്‍ ഹൈബി ഈഡന്‍ വരെ ഇഷ്ടപ്പെടുക.
ഗാന്ധിയും നെഹ്രുവുമൊക്കെ അവര്‍ക്ക് അധികാരത്തിന്റെ പരമപദം വെട്ടിപ്പിടിക്കാനുളള ഫോട്ടോകള്‍ മാത്രമാണ്. തങ്ങളെക്കാള്‍ ചെറിയ വലിപ്പത്തില്‍ പോസ്റ്ററുകളില്‍ പ്രദര്‍ശിപ്പിക്കാനുളള ഫോട്ടോകള്‍. വീണ്ടുമൊരു തിരഞ്ഞെടുപ്പു വരുമ്പോള്‍, സീറ്റിനുളള അര്‍ഹത നേതൃത്വത്തിനു മുന്നില്‍ തെളിയിക്കാന്‍ ഭരണകക്ഷിക്കെതിരെ സമരം സംഘടിപ്പിച്ച് യോഗ്യത തെളിയിക്കേണ്ടതുണ്ട്. ആ യോഗ്യതാപരീക്ഷണവും തെളിയിക്കലുമാണ് കേരളത്തിലെ തെരുവുകളില്‍ ഇപ്പോള്‍ നടക്കുന്നത്. പാഠപുസ്തകവും സ്വാതന്ത്ര്യസമരവുമൊക്കെ അതിന് നിമിത്തമായെന്ന് മാത്രം.
ഏഴാം ക്ലാസിലെ പാഠപുസ്തകത്തിലെ അധ്യായങ്ങളുടെ മറവില്‍ മതവിശ്വാസികളുടെ രാഷ്ട്രീയ ക്രോഡീകരണം ലക്ഷ്യമിടുന്ന കത്തോലിക്കാ സഭയ്ക്കും വ്യക്തമായ അജണ്ടകളുണ്ട്. കേരള രാഷ്ട്രീയത്തില്‍ എത്രയോ കാലമായി തങ്ങള്‍ തുടരുന്ന അധീശത്വത്തിന് കനത്ത വെല്ലുവിളിയുണ്ടായത് ഈ ഭരണകാലത്താണെന്ന് സഭ തിരിച്ചറിയുന്നു. കരുണാകരന്‍ പോയതോടെ കോണ്‍ഗ്രസിലും അതുവഴി യുഡിഎഫിലും ക്രിസ്ത്യന്‍ മേധാവിത്തമാണ് സ്ഥാപിതമായതെന്ന് സാധാരണകോണ്‍ഗ്രസുകാര്‍ പോലും അടക്കം പറഞ്ഞു തുടങ്ങിയപ്പോഴാണ് കരുണാകരനെ തിരികെ പ്രവേശിപ്പിക്കാന്‍ ഹൈക്കമാന്റ് തയ്യാറായത്.
മതത്തിന്റെ കാര്യം പുരോഹിതര്‍ നോക്കിയാല്‍ മതിയെന്നും അവര്‍ ഭരണത്തില്‍ ഇടപെടേണ്ടെന്നും ഇപ്പോഴും ഒരു രാഷ്ട്രീയക്കാരനും പറയുന്നില്ല. അത് കോണ്‍ഗ്രസാകട്ടെ, കമ്മ്യൂണിസ്റ്റുകാരാകട്ടെ. പ്രീണനത്തിന്റെ രാഷ്ട്രീയം പയറ്റിയതിന്റെ അനിവാര്യമായ ദുരന്തമാണ്, തലയ്ക്കു വെളിവുളളവര്‍ക്കൊന്നും ദോഷം കണ്ടെത്താനാകാത്ത പാഠപുസ്തകങ്ങളുടെ പേരില്‍ തെരുവില്‍ പയറ്റുന്ന ഈ സര്‍ക്കസ്.
കല്ലെറിഞ്ഞും വാഹനങ്ങള്‍ അടിച്ചു പൊട്ടിച്ചും പൊലീസ് മര്‍ദ്ദനം ഇരന്നു വാങ്ങുന്ന ഓരോ വിദ്യാര്‍ത്ഥി നേതാവിനും പരിമിതമായ ലക്ഷ്യങ്ങളേയുളളൂ. പത്രത്തിലൊരു ഫോട്ടോ, ചാനലില്‍ ഒരു ദൃശ്യം. പിന്നെ ചെയ്യേണ്ടതെന്തൊക്കെയെന്ന് അവര്‍ക്കറിയാം. അതറിഞ്ഞിട്ടു തന്നെയാണ് അവര്‍ ഈ പണിക്കിറങ്ങുന്നത്.
സ്വാതന്ത്ര്യസമരകാലത്തെയോ അടിയന്തരാവസ്ഥക്കാലത്തെയോ രാഷ്ട്രീയമല്ല ഇന്നത്തെ രാഷ്ട്രീയം. എന്റെ ഗുരുനാഥനില്‍ ഗാന്ധിജിയെക്കുറിച്ച് വളളത്തോളെഴുതിയ സവിശേഷതകള്‍ ഇന്നത്തെ കാലത്തിന് ചേര്‍ന്നതല്ല. ക്രിസ്തുദേവന്റെ പരിത്യാഗ ശീലവും കൃഷ്ണന്റെ ധര്‍മ്മരക്ഷോപായവും ബുദ്ധന്റെ അഹിംസയും ശങ്കരാചാര്യരുടെ ബുദ്ധിശക്തിയും രന്തിദേവന്റെ ദയാവായ്പും ഹരിശ്ചന്ദ്രന്റെ സത്യവും മുഹമ്മദിന്റെ സ്ഥൈര്യവും കാണണമെങ്കില്‍,
"
ചെല്ലുവിന്‍ ഭവാന്മാരെന്‍ ഗുരുവിന്‍ നികിടത്തി;-
ലല്ലായ്കിലവിടുത്തെച്ചരിത്രം വായിക്കുവിന്‍" എന്നാണ് മഹാകവി ആവശ്യപ്പെട്ടത്.
കാലം പോയി. ഇന്നത്തെ രാഷ്ട്രീയം ഇതൊന്നുമല്ല. വമ്പന്‍ വ്യവസായികളുടെ സാമ്പത്തിക മോഹങ്ങളും ഐഎഎസുകാരനെക്കാള്‍ അധികാരവും തെരുവു ഗുണ്ടയുടെ മനക്കട്ടിയും പെരുങ്കളളന്റെ ധൈര്യവും ഡ്രാക്കുളയുടെ ക്രൗര്യവും സിനിമാ താരത്തിന്റെ ലൈംഗിക സ്വാതന്ത്ര്യവും ഒരേ സമയം സമ്മേളിക്കുന്നവനാണ് ഇന്നത്തെ രാഷ്ട്രീയക്കാരന്‍. അത്രയൊക്കെ കടത്തി പറയണോ എന്ന് ചോദിക്കുന്നവര്‍ക്കു മുന്നില്‍, തോപ്പുംപടി പെണ്‍വാണിഭക്കേസിലുമുണ്ടത്രേ, പഴയൊരു എംഎല്‍എയെന്ന വിവരം പല്ലിളിച്ചു നില്‍ക്കും.
അടിയുടെ പാടും വേദനയും കാലം മായ്ക്കും. അത് തുറന്നിടുന്നിടുന്ന അധികാരത്തിന്റെ ലോകം നല്‍കുന്ന സൗക്യങ്ങള്‍ ഓര്‍ത്താല്‍ ഈ വേദനയൊക്കെ തുലോം നിസാരം.
കഴിഞ്ഞ ഭരണകാലത്ത് എസ്‍എഫ്‍ഐ നടത്തിയ സമരങ്ങളിലെ എത്ര ആവശ്യങ്ങളാണ് ഈ സര്‍ക്കാര്‍ സാധിച്ചു കൊടുത്തത് എന്നാലോചിക്കുക. ഓരോ യുഡിഎഫ് സമരകാലത്തും തെരുവുകള്‍ ചോരക്കളമാക്കാന്‍ എസ്എഫ്ഐ മെനഞ്ഞെടുത്ത കാരണങ്ങളോട് പിന്നീട് വന്ന എല്‍ഡിഎഫ് സര്‍ക്കാരുകള്‍ എങ്ങനെ പ്രതികരിച്ചുവെന്നും ഓര്‍ക്കുക. നവോദയാ വിദ്യാലയങ്ങള്‍ക്കെതിരെ, പ്രീഡിഗ്രി ബോര്‍ഡിനെതിരെ, വിളനിലത്തിനെതിരെ എസ്എഫ്ഐക്കാര്‍ സമരം ചെയ്തിട്ടുണ്ട്. എന്നിട്ടോ.
സമരം ജനങ്ങള്‍ മറക്കും, സമര കാരണങ്ങള്‍ സംഘടനകളും. എന്നാല്‍ സമരം ചെയ്ത നേതാക്കള്‍ പ്രസക്തരാകും. ഓരോ സമരവും അക്രമത്തിലും ലാത്തിച്ചാര്‍ജിലുമെത്തുമ്പോള്‍ ഓര്‍ക്കുക. സമരക്കാരും അവര്‍ക്കു പിന്നിലുളള രാഷ്ട്രീയ നേതൃത്വവും തന്നെയാണ് ഈ തിരക്കഥ എഴുതിത്തയ്യാറാക്കിയത്. തങ്ങളെ അടിക്കാന്‍ പൊലീസുകാരെ നിര്‍ബന്ധിക്കുകയാണ് സമരക്കാര്‍. വിഷയം പിറ്റേന്നും ചൂടോടെ നിര്‍ത്താന്‍ എല്ലാവരും തിരഞ്ഞെടുക്കുന്ന വഴിയാണ് അക്രമവും ലാത്തിച്ചാര്‍ജും.
ഏതച്ഛന്‍ വന്നാലും അമ്മയ്ക്ക് കിടക്കപ്പൊറുതിയില്ലെന്ന് പറയുമ്പോലെ, ഏത് ഭരണം വന്നാലും പൊലീസുകാരന്റെ ലാത്തിക്ക് വിശ്രമമില്ല. ഇന്ന് കെഎസ്‍യുക്കാരന്റെ മുതുകത്ത് വീഴുന്ന ലാത്തി, നാളെ എസ്എഫ്‍ഐക്കാരന്റെ പുറത്തു വീഴും. അതു പിടിച്ചിരിക്കുന്ന കൈകളുടെ ഉടമ ചിലപ്പോള്‍ ഒരേയാള്‍ തന്നെയായെന്നും വരാം.
ചുരുക്കത്തില്‍ ലാത്തിയാണ് നേതാക്കളെ സൃഷ്ടിക്കുന്നത്. അങ്ങനെയുണ്ടാകുന്ന നേതാക്കളുടെ ലാത്തി ചാനലുകളില്‍ പിന്നീട് ജനം സഹിക്കും, പിന്നെയതൊരു ശീലവുമാകും. ഒരുവേള പഴക്കമേറിയാലിരുളും മെല്ലെ വെളിച്ചമായി വരുമെന്ന് പറയുമ്പോലെ.
പാഠപുസ്തകങ്ങള്‍ വായിച്ചും പഠിച്ചുമാണ് ഗാന്ധിജിയും നെഹ്രുവുമൊക്കെ നേതാക്കന്മാരായത്. അവരുടെ അനുയായികളിതാ പാഠപുസ്തകം നിരോധിക്കണമെന്നാവശ്യപ്പെട്ട് നേതാക്കളാകാമെന്ന് സ്വപ്നം കാണുന്നു. സ്വാശ്രയ സീറ്റും മാനേജ്‍മെന്റ് ക്വാട്ടയുമൊക്കെ രാഷ്ട്രീയത്തിലും യാഥാര്‍ത്ഥ്യമാകുമ്പോള്‍ ഉണ്ടാകുന്ന അനിവാര്യമായ ദുരന്തം.
വാഹനങ്ങള്‍ എറിഞ്ഞു തകര്‍ത്ത്, കടകളുടെ ജനാലകള്‍ അടിച്ചു തകര്‍ത്ത്, ബസുകള്‍ക്ക് തീവെച്ച്, പഠിപ്പു മുടക്കി, വിദ്യാഭ്യാസ ബന്ദു നടത്തി, ജനങ്ങളുടെ സ്വൈര്യം കെടുത്തി സിദ്ദിഖ് കോഴിക്കോട് സീറ്റും ഹൈബി ഈഡന്‍ എറണാകുളം സീറ്റും കരസ്ഥമാക്കട്ടെ. ഈ ചെറുപ്പക്കാരുടെ ഭാവിയും ഭദ്രമാകട്ടെ.
എന്തിന് കേരളമേ നീ സങ്കടപ്പെടുന്നു, മറുപക്ഷത്തും ഇങ്ങനെയൊക്കെയല്ലേ നേതാക്കള്‍ ഉണ്ടായതും ഉണ്ടാകുന്നതും.
ആദ്യമായി പ്രതികരണം എഴുതൂ.