clear


മലയാളം » വാര്‍ത്ത » കേരളവാര്‍ത്ത » Full story
മതമില്ലാത്ത ജീവന്‍ - ചര്‍ച്ച ചെയ്യൂ
[IST]
മതമില്ലാത്ത ജീവന്‍

(ഏഴാം ക്ലാസിലെ സാമൂഹ്യശാസ്ത്ര പുസ്തകത്തിലെ വിവാദ പാഠം. ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ പുസ്തകഭാഗം വലുതായി കാണാം)

Click here to enlarge the pictureസ്ക്കൂളില്‍ ചേര്‍ക്കാന്‍ കുട്ടിയോടൊപ്പം എത്തിയ രക്ഷിതാക്കളെ മുന്നിലുളള കസേരകളിലിരുത്തി ഹെഡ്‍മാസ്റ്റര്‍ അപേക്ഷ പൂരിപ്പിക്കാന്‍ തുടങ്ങി.

"മോന്റെ പേരെന്താ?"
"ജീവന്‍"
"കൊളളാം നല്ല പേര്, അച്ഛന്റെ പേര്?"
"അന്‍വര്‍ റഷീദ്"
"അമ്മയുടെ പേര്?"
" ലക്ഷ്മീ ദേവി"
ഹെഡ്മാസ്റ്റര്‍ മുഖമുയര്‍ത്തി രക്ഷിതാക്കളെ നോക്കി ചോദിച്ചു
"കുട്ടിയുടെ മതം ഏതാ ചേര്‍ക്കേണ്ടത്?"
"ഒന്നും ചേര്‍ക്കേണ്ട. മതമില്ലെന്ന് ചേര്‍ത്തോളൂ"
"ജാതിയോ?"
"അതും വേണ്ട"
ഹെഡ്‍മാസ്റ്റര്‍ കസേരയിലേയ്ക്ക് ചാരിയിരുന്ന് അല്‍പം ഗൗരവത്തോടെ ചോദിച്ചു
"വലുതാകുമ്പോള്‍ ഇവന് ഏതെങ്കിലും മതം വേണമെന്ന് തോന്നിയാലോ?"
"അങ്ങനെ വേണമെന്ന് തോന്നുമ്പോള്‍ അവന് ഇഷ്ടമുളള മതം തെരഞ്ഞെടുക്കട്ടെ".


ജവഹര്‍ലാല്‍ നെഹ്രു.
ജവഹര്‍ലാല്‍ നെഹ്രുവിന്റെ മരണപത്രത്തില്‍ നിന്ന് ഒരു ഭാഗം
"എന്റെ മരണാനന്തരം എനിക്കായി യാതൊരു കര്‍മ്മവും നടത്തണമെന്ന് എനിക്കാഗ്രഹമില്ലെന്ന് ഉളളഴിഞ്ഞ് പ്രഖ്യാപിക്കാന്‍ ഞാന്‍ അഭിലഷിക്കുന്നു. ഇങ്ങനെയുളള യാതൊരു ചടങ്ങുകളിലും ഞാന്‍ വിശ്വസിക്കുന്നില്ല. ഒരു ഉപചാരമെന്ന നിലയില്‍ പോലും അവയ്ക്ക് വിധേയനാകുന്നത് കാപട്യവും നമ്മെത്തന്നെയും മറ്റുളളവരെയും വിരട്ടാനുളള ഒരു ശ്രമവും ആയിരിക്കും".

നന്മയിലേയ്ക്ക് ഉണരുക
Click here to enlarge the pictureജാതിയുടെയും വിശ്വാസങ്ങളുടെയും പേരില്‍ മനുഷ്യര്‍ തമ്മിലടിക്കുന്ന പല സന്ദര്‍ഭങ്ങളും ഇന്നു നാം പത്രത്തില്‍ വായിച്ചു കൊണ്ടിരിക്കുന്നു. മനുഷ്യസ്നേഹം ലക്ഷ്യമാക്കി രൂപപ്പെട്ട മതങ്ങള്‍ മനുഷ്യന്‍ എങ്ങനെ പെരുമാറണമെന്നാണ് വിവക്ഷിച്ചിരിക്കുന്നത്? ചില സൂക്തങ്ങള്‍ നോക്കുക.

നിനക്ക് അഹിതമായതെന്തോ അത് അന്യനും അഹിതമാണെന്ന് ധരിക്കണം. നിനക്ക് ഇഷ്ടമാകാത്തത് അന്യനെ ഏല്‍പ്പിക്കരുത്. ഇതാണ് ധര്‍മ്മത്തിന്റെ സാരം. - മഹാഭാരതം.

മറ്റുളളവര്‍ നിങ്ങളോട് എങ്ങനെ പെരുമാറണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവോ അതുപോലെ അവരോടും പെരുമാറുക - ബൈബിള്‍

തനിക്കു വേണ്ടി ഇഷ്ടപ്പെടുന്നതെല്ലാം സഹോദര്‍ക്കു വേണ്ടിയും ഇഷ്ടപ്പെടുക. തനിക്കു വേണ്ടി ഇഷ്ടപ്പെടാത്തതെല്ലാം സഹോദര്‍ക്കു വേണ്ടിയും ഇഷ്ടപ്പെടാതിരിക്കുക. - നബി വചനം.

ആര്‍ക്കും തിന്മ വരണമെന്ന് ആഗ്രഹിക്കരുത്. ആരെക്കുറിച്ചും പരുഷമായി സംസാരിക്കരുത്. ആര്‍ക്കും പ്രവര്‍ത്തന വിഘ്നം ഉണ്ടാക്കരുത് - ഗുരുനാനാക്ക്

ഈ പാഠഭാഗം കുട്ടികളില്‍ നിരീശ്വരവാദവും കമ്മ്യൂണിസവും വളര്‍ത്തുമെന്നാണ് കത്തോലിക്ക സഭ വിലയിരുത്തുന്നത്. വിശ്വാസം സംരക്ഷിക്കാന്‍ വേണ്ടിവന്നാല്‍ രക്തം ചിന്തുമെന്ന് പ്രഖ്യാപിച്ച് പളളികളില്‍ ഇടയലേഖനങ്ങള്‍ ഇറങ്ങുന്നു.

ഈ പാഠം പഠിച്ചാല്‍ കുട്ടികള്‍ നിരീശ്വരവാദികളും കമ്മ്യൂണിസ്റ്റുകാരുമാകുമോ? നിങ്ങള്‍ക്ക് എന്തു തോന്നുന്നു? പ്രതികരിക്കുക.
User Comments
[ പ്രതികരണം എഴുതൂ ]


ആദ്യമായി പ്രതികരണം എഴുതൂ.

  മറ്റുവാര്‍ത്തകള്‍
Live Chat with a Doctor
ഓണ്‍ലൈനായി ഡോക്ടറോട് ചോദിയ്ക്കൂ
 വീഡിയോ