കൊച്ചി: അഭയ കേസ് അന്വേഷിക്കുന്ന സിബിഐ ഉദ്യോഗസ്ഥന്‍ വീണ്ടും ഹാജരാകണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. രണ്ടുദിവസം ഹാജരായി മൊഴി നല്‍കിയശേഷം കേരളത്തില്‍ നിന്നും മടങ്ങിയ ഉദ്യോഗസ്ഥനെ തിരികെ വിളിക്കാന്‍ സിബിഐ അഭിഭാഷകന് കോടതി നിര്‍ദ്ദേശം നല്‍കി.
കേസ് അടുത്ത ചൊവ്വാഴ്‌ച വീണ്ടും പരിഗണിക്കും. ഡിവൈഎസ്‌പി എസ് കെ അഗര്‍വാളാണ് കോടതിയില്‍ ഹാജരാകേണ്ടത്. ബുധനാഴ്‌ച കേസ് പരിഗണിക്കവെയാണ് ജസ്റ്റിസ് രാംകുമാര്‍ സിബിഐ ഉദ്യോഗസ്ഥന്‍ വീണ്ടും ഹാജരാകണമെന്ന് അറിയിച്ചത്.
അന്വേഷണത്തിന്റെ ഭാഗമായുള്ള വിശദീകരണങ്ങളില്‍ കൂടുതല്‍ കൃത്യത വരുത്താന്‍ വേണ്ടിയാണിത്. പ്രതികളെക്കുറിച്ച് വ്യക്തമായ സൂചനയുണ്ടെന്നും എന്നാല്‍ വേണ്ടത്ര തെളിവുകളില്ലാത്തതിനാല്‍ ഇവരെ അറസ്റ്റുചെയ്യാന്‍ കഴിയില്ലെന്നും കഴിഞ്ഞദിവസം അഗര്‍വാള്‍ കോടതിയെ ബോധിപ്പിച്ചിരുന്നു.
സിബിഐ കൈമാറിയ നാര്‍കോ പരിശോധനാ ദൃശ്യങ്ങളടങ്ങിയ സിഡിയിലുള്ളതിലും അധികം വിവരങ്ങള്‍ ഫോറന്‍സിക് ലാബ് നേരിട്ട് നല്‍കിയ ഡിഡിയിലുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടുകയും ചെയ്‌തിരുന്നു. ഈ രണ്ട് സിഡികളും പരിശോധിച്ച് മേല്‍ നടപടി സ്വീകരിക്കാന്‍ ഹൈക്കോടതി രജിസ്‌ട്രാറെ ചുമതലപ്പെടുത്തിയിരിക്കുകയാണ്.
കേസില്‍ പ്രതികളെക്കുറിച്ച് വ്യക്തമായ സൂചനയുണ്ടെന്ന സുപ്രധാന വെളിപ്പെടുത്തലിനെത്തുടര്‍ന്ന് പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കാന്‍ സിബിഐയ്‌ക്കു മേല്‍ സമ്മര്‍ദ്ദം ശക്തമാകും. സാഹചര്യത്തെളിവുകളും ശാസ്‌ത്രീയ തെളിവുകളും അടിസ്ഥാനമാക്കി പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുകയെന്ന ബാധ്യതയില്‍ നിന്നും സിബിഐയ്‌ക്ക് എളുപ്പം ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നാണ് നിയമവിദഗ്‌ധര്‍ പറയുന്നത്.
15വര്‍ഷമായി ഇഴഞ്ഞുനീങ്ങുന്ന അന്വേഷണമാണ് ഹൈക്കോടതിയുടെ ഇടപെടലോടെ സുപ്രധാന വഴിത്തിരിവില്‍ എത്തിയിരിക്കുന്നത്.
ആദ്യമായി പ്രതികരണം എഴുതൂ.