തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കാനുദ്ദേശിയ്‌ക്കുന്ന ഭക്ഷ്യസുരക്ഷാ നിയമം സാര്‍വത്രിക പൊതുവിതരണ സമ്പ്രദായം ഇല്ലാതാക്കുന്നതാണെന്ന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍. എപിഎല്‍ വിഭാഗത്തെ പൂര്‍ണമായും റേഷനിങ്ങില്‍ നിന്നൊഴിവാക്കുന്നത് ഭക്ഷ്യക്കമ്മി സംസ്‌ഥാനമായ കേരളത്തിനു വലിയ തിരിച്ചടിയാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്ത് ഭക്ഷ്യസുരക്ഷാ നിയമത്തെക്കുറിച്ചുള്ള ദേശീയ ശില്‍പശാല ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേന്ദ്ര സര്‍ക്കാരിന്റെ നിയമത്തിനു പകരം ജനാധിപത്യപരമായ ബദല്‍ മാര്‍ഗമാണ് വേണ്ടതെന്ന് ധനമന്ത്രി തോമസ് ഐസക് നിര്‍ദേശിച്ചു. കേരളത്തിന് ഒട്ടും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത നിയമമാണിതെന്ന് ഭക്ഷ്യമന്ത്രി സി ദിവാകരന്‍ ചൂണ്ടിക്കാട്ടി. എല്ലാ ജനങ്ങള്‍ക്കും കിലോയ്‌ക്ക് രണ്ടു രൂപ നിരക്കില്‍ 35 കിലോ ഭക്ഷ്യധാന്യം നല്‍കുന്നതാണ് ഭക്ഷ്യസുരക്ഷക്ക് അഭികാമ്യമെന്ന് ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ പ്രഭാത് പട്‌നായിക് അഭിപ്രായപ്പെട്ടു.
എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ കരട് പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ഭഗവന്‍ സഹായ് പറഞ്ഞു. എല്ലാ വിഭാഗങ്ങള്‍ക്കും സൗജന്യ നിരക്കില്‍ ഭക്ഷ്യധാന്യമെത്തിക്കാന്‍ തക്ക കരുതല്‍ശേഖരം രാജ്യത്തില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.