clear
മലയാളം » വാര്‍ത്ത » ഇന്ത്യ » പൂര്‍ണവാര്‍ത്ത
മഹാരാഷ്ട്രയില്‍ പുതിയ സര്‍ക്കാര്‍ ശനിയാഴ്ച

മുംബൈ: മഹാരാഷ്ട്രയില്‍ ശനിയാഴ്‌ച പുതിയ സര്‍ക്കാര്‍ രൂപീകരിയ്‌ക്കുമെന്ന്‌ കേന്ദ്ര വ്യോമയാന മന്ത്രിയും എന്‍സിപി നേതാവുമായ പ്രഫുല്‍ പട്ടേല്‍ അറിയിച്ചു. മന്ത്രിസഭ രൂപീകരിയ്‌ക്കണെന്ന ആവശ്യവുമായി വെള്ളിയാഴ്‌ച ഗവര്‍ണറെ കാണും. 1999ലുണ്ടാക്കിയ ധാരണയില്‍ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വകുപ്പ്‌ വിഭജനം സംബന്ധിച്ച കോണ്‍ഗ്രസ്‌-എന്‍സിപി തര്‍ക്കം പരിഹരിച്ചതായി പ്രതിരോധ മന്ത്രി എകെ ആന്റണി അറിയിച്ചിരുന്നു. എന്‍സിപി നേതൃത്വവുമായും സോണിയാ ഗാന്ധി, മുഖ്യമന്ത്രി അശോക്‌ ചവാന്‍ എന്നിവരുമായും ചര്‍ച്ചകള്‍ നടത്തിയ ശേഷമാണ്‌ മഹാരാഷ്ട്രയുടെ ചുമതലയുള്ള കോണ്‍ഗ്രസ്‌ പ്രവര്‍ത്തക സമതി അംഗമായ എകെ ആന്റണി ഇക്കാര്യം അറിയിച്ചത്‌.

ഇതോടെ വിശ്വാസവോട്ടുനേടി 13 ദിവസം പിന്നിട്ട മഹാരാഷ്‌ട്രയിലെ അനിശ്ചിതാവസ്ഥയ്‌ക്കാണ്‌ വിരാമമാവുന്നത്‌. ആഭ്യന്തരം, ധനം, ഊര്‍ജം തുടങ്ങിയ പ്രധാന വകുപ്പുകള്‍ എന്‍സിപി നിലനിര്‍ത്തുമെന്ന്‌ തന്നെയാണ്‌ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇപ്പോള്‍ കൈവശം വച്ചിരിയ്‌ക്കുന്ന ആരോഗ്യം, നഗരവികസനം എന്നീ വകുപ്പുകള്‍ കോണ്‍ഗ്രസ്സിനു കൈമാറും. എന്‍സിപിയ്‌ക്ക്‌ 20 മന്ത്രിമാരും കോണ്‍ഗ്രസ്സിന്‌ 23 മന്ത്രിമാരും എന്ന ധാരണയിലാണ്‌ ഒത്തു തീര്‍പ്പായതെന്നാണ്‌ പുറത്തു വന്നിരിയ്‌ക്കുന്ന വിവരം.

സര്‍ക്കാര്‍ രൂപീകരിയ്‌ക്കാന്‍ വൈകുന്നതില്‍ ഗവര്‍ണര്‍ അതൃപ്‌തി പ്രകടിപ്പിച്ചിരുന്നു. ഇതിന്‌ പിന്നാലെ പ്രതിപക്ഷ പാര്‍ട്ടികള്‍ സംസ്ഥാനത്ത്‌ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടിരുന്നു.

User Comments
[ പ്രതികരണം എഴുതൂ ]


ആദ്യമായി പ്രതികരണം എഴുതൂ.

  മറ്റുവാര്‍ത്തകള്‍
 വീഡിയോ