അഹമ്മദാബാദ്: പോള്‍ മുത്തൂറ്റ് വധക്കേസിലെ പ്രതിയായ ഗുണ്ടാനേതാവ് ഓംപ്രകാശിന്
നാര്‍കോ പരിശോധന നടത്താന്‍ അഹമ്മദാബാദിലെ ഫൊറന്‍സിക് സയന്‍സ് ലാബ് തയ്യാറായില്ല.
നാര്‍കോ പരിശോധനക്ക് മുന്നോടിയായി നടത്തിയ വൈദ്യപരിശോധനയില്‍ ഓംപ്രകാശിന്റെ കരളിന്റെ പ്രവര്‍ത്തനം തൃപ്തികരമല്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ലാബ് പരിശോധനയില്‍ നിന്നും പിന്മാറിയത്.
കരളിന്റെ പ്രവര്‍ത്തനശേഷിയില്‍ ആശങ്കയുണ്ടെന്നും അതിനാല്‍ നാര്‍കോ പരിശോധന അപകടകരമായിരിക്കുമെന്നുമാണ് വിലയിരുത്തല്‍. അബോധാവസ്ഥയിലാക്കിയശേഷമാണ് നാര്‍കോ ടെസ്റ്റ് നടത്തുന്നത്.
അതിനാല്‍ മയക്കത്തില്‍ നിന്നും ഉണരാന്‍ ബുദ്ധിമുട്ടുണ്ടായേക്കും. ശാരീരിക നില മോശമാകാനും സാധ്യതയുണ്ട്. ഇതുസംബന്ധിച്ച് ലാബിലെ മെഡിക്കല്‍ ടീമിന്റെ റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്.
പരിശോധന നടക്കില്ലെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞ സ്ഥിതിക്ക് കേരള പൊലീസ് ശനിയാഴ്ചതന്നെ ഓംപ്രകാശിനെയും കൊണ്ട് കേരളത്തിലേക്ക് മടങ്ങുമെന്നാണ് സൂചന. ലാബിന്റെ റിപ്പോര്‍ട്ട് പൊലീസ് കോടതിയില്‍ സമര്‍പ്പിക്കും.
നവംബര്‍ അഞ്ചിന് വ്യാഴാഴ്ചയാണ് ഓംപ്രകാശിന്റെ നാര്‍കോ ടെസ്റ്റ് നിശ്ചയിച്ചിരുന്നത്. ഇതിന് മുന്നോടിയായി ബുധനാഴ്ചയാണ് ഇയാളെ വൈദ്യപരിശോധനക്ക് വിധേയനാക്കിയത്.
പുത്തന്‍പാലം രാജേഷിനെ ഭാഷ അറിയില്ലെന്ന പ്രശ്‌നം ചൂണ്ടിക്കാട്ടി പരിശോധന നടത്താന്‍ കഴിയില്ലെന്ന് ലാബ് നേരത്തേ അറിയിച്ചിരുന്നു. എന്നാല്‍ ദ്വിഭാഷിയെ ഉപയോഗിക്കുന്നതുപോലെ ഏതെങ്കിലും മാര്‍ഗ്ഗം ഉപയോഗിച്ച് പരിശോധന നടത്താനാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.