അരക്കെട്ടിന്റെ വണ്ണം കൂടിപ്പോയല്ലോയെന്നോര്‍ത്ത് വിഷമിക്കുന്ന സ്‌ത്രീകള്‍ ചില്ലറയല്ല. സാരിയല്ലാതെ മറ്റെന്ത് വസ്‌ത്രം ധരിച്ചാലും കാണാന്‍ ചന്തമുണ്ടാകില്ലെന്ന ചിന്തയാണ് പലരെയും വിഷമിപ്പിക്കുന്നത്.
എന്നാല്‍ തടിച്ച അരക്കെട്ടുള്ളവര്‍ക്ക് സമാധാനിക്കാനിതാ ഒരു പുതിയ വിവരം. തടിച്ച അരക്കെട്ടും നിതംബവുമുള്ളവര്‍ക്ക് ടൈപ്പ് ടു പ്രമേഹം വരാനുള്ള സാധ്യത വളരെ കുറവാണത്രേ. അമേരിക്കയിലെ ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂളിലെ ഗവേഷകരാണ് ഇതുസംബന്ധിച്ച ഒരു പഠനം നടത്തിയത്.
അരക്കെട്ടിലും നിതംബത്തിലും അടിഞ്ഞിരിക്കുന്ന കൊഴുപ്പാണ് പ്രമേഹം വരാതെ സൂക്ഷിക്കുന്നത്. ചര്‍മ്മത്തിനടിയില്‍ അടിഞ്ഞിരിക്കുന്ന ഈ കൊഴുപ്പ് ഇന്‍സുലിന്റെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുമത്രേ. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിയ്‌ക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന ഹോര്‍മോണാണ് ഇന്‍സുലിന്‍
വയറിന് ചുറ്റും അടിഞ്ഞുകൂടുന്ന കൊഴുപ്പ് പ്രമേഹത്തിനും ഹൃദ്രോഗത്തിനും കാരണമായേയ്‌ക്കുമെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. എന്നാല്‍ അരക്കെട്ടിലും നിതംബത്തിലുമുള്ള കൊഴുപ്പ് പ്രമേഹത്തെ അകറ്റാന്‍ സഹായിക്കുന്നു. സെല്‍ മെറ്റബോളിസം എന്ന ജേണലിലാണ് ഈ പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.